മുകേഷ് പറഞ്ഞപ്പോള്‍ ഓഹോ, പിസി ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ ആഹാ; പൂഞ്ഞാര്‍ പുലിയെ എല്ലാവര്‍ക്കും പേടിയോ?

ബുധന്‍, 2 ഓഗസ്റ്റ് 2017 (14:07 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പലരും നടിയെ പിന്തുണച്ചും, അല്ലാതെയും രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍ നടിയ്‌ക്കെതിരെ നടനും എംഎല്‍എയും ആയ മുകേഷ് ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. പക്ഷേ അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷം ദിലീപിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ച രീതി ശരിയായില്ല. അതിന്റെ പേരില്‍ മുകേഷിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു.
 
മഹിള കോണ്‍ഗ്രസ്സും ബിജെപിയും ഒക്കെ അത്രയും ശക്തമായാണ് പ്രതികരിച്ചത്. ഇതുവരെ ഒരു എംഎല്‍എയ്ക്കും കിട്ടാത്ത സുരക്ഷയൊക്കെ ആയിരുന്നു ആ സമയത്ത് മുകേഷിന് നല്‍കിയിരുന്നത് എന്നാല്‍ മറ്റൊരു എംഎല്‍എ യാണ് പിസി ജോര്‍ജ്ജ്. അദ്ദേഹം ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ഒരു പ്രതിഷേധവും കാണുന്നില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്.
 
അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രോഷം കൊണ്ടതായിരുന്നു മുകേഷിന് വിനയായത്. ദിലീപിനെതിരെയുള്ള ചോദ്യങ്ങളായിരുന്നു അന്ന് മുകേഷിനെ പ്രകോപിപ്പിച്ചത്. മുകേഷ് മാത്രമല്ല, കെബി ഗണേഷ് കുമാര്‍ എംഎല്‍എയും എംപിയായ ഇന്നസെന്റും ഒക്കെ എടുത്ത നിലപാടുകള്‍ അന്ന് വിവാദമായി. അതിന്റെ പേരില്‍ മഹിള കോണ്‍ഗ്രസ്സും ബിജെപിയും ഒക്കെ ഇവിടെ അതി ശക്തമായ പ്രതിഷേധമാണ് നടത്തിയത്.
 
എന്നാല്‍ പിസി ജോര്‍ജ്ജ് നടിയെ അധിക്ഷേപിച്ച് രംഗത്തിറങ്ങിയപ്പോള്‍ ഇവിടെ മഹളി കോണ്‍ഗ്രസ്സിനും ബിജെപിയ്ക്കും ഒന്നും ഒരു പ്രശ്‌നവും ഇല്ല. ഒരു പ്രതിഷേധ കുറിപ്പ് പോലും പുറത്തിറക്കിയിട്ടില്ല. അത്രയ്ക്ക് ഭയമാണോ പിസി ജോര്‍ജ്ജിനെ എല്ലാവര്‍ക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക