പിണറായിക്കെതിരേ പന്ന്യന്റെ കടുത്ത മറുപടി; ‘തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനകരം’
തിങ്കള്‍, 17 നവംബര്‍ 2014 (11:10 IST)
സിപിഐയുടേത് തെരുവ് പ്രസംഗമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പന്ന്യന്‍ രവീന്ദ്രന്റെ കടുത്ത മറുപടി. തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനമായി താന്‍ കാണുന്നു. എകെജിയും എംഎന്നുമൊക്കെ തെരുവില്‍ പ്രസംഗിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയത്. തൊഴിലാളിയായാണ് താന്‍ ഈ സ്ഥാനത്ത് എത്തിയതെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഐ തെരുവില്‍ നടത്തിയ പ്രസംഗത്തില്‍ മാന്യമല്ലാത്ത ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള വേദി ഒരുക്കുകയാണ് വേണ്ടത്.
പിണറായിയുടെ വിമര്‍ശനം ചരിത്രം മറന്നുകൊണ്ടാണ്. കേരളം ആദരിക്കുന്ന വ്യക്തിയാണ് സഖാവ് പികെവി. അങ്ങനെയുള്ള അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുമെന്ന് കരുതിയില്ല. സാധാരണ ഉണ്ടാവത്തതാണിത്. എന്നാല്‍ ഓരോരുത്തര്‍ക്ക് ഓരോ ഭാഷാരീതി ഉണ്ടെന്നും പിണറായിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി പന്ന്യന്‍ പറഞ്ഞു. ഇരിക്കുന്ന സ്ഥാനം മറക്കുന്ന ആളാണെന്ന പിണറായിയുടെ പ്രസ്താവനയെ പന്ന്യന്‍ പരിഹസിച്ചു. സെക്രട്ടറി കസേരയില്‍ എങ്ങനെ ഇരിക്കണമെന്ന് പിണറായിയോട് ചോദിച്ച് മനസിലാക്കാമെന്നും പന്ന്യന്‍ പറഞ്ഞു.
ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണിയെ സഹായിക്കാന്‍ പോയതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് മാണിയെ സഹായിക്കാനാണ്. മാണിക്കുവേണ്ടി ആവേശപൂര്‍വം സംസാരിച്ചതും ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തായാലും മാണിക്കെതിരെ സമരം ചെയ്യാനും കേസിനുപോകാനും സിപിഎം തയ്യാറായതില്‍ സന്തോഷമുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രോഷാകുലരാവരുത്. സിപിഐ രോഷാകുലരാവാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടേണ്ടവരാണ്. ഒരുമിച്ച് അടികൊള്ളേണ്ടവരാണ്. ഒരുമിച്ച് ജയിലിലും പോകേണ്ടവരാണ്. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവരുതെന്നും പന്ന്യന്‍ പറഞ്ഞു.
സിപിഐയുടെ കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ട. തെറ്റുപറ്റിയാല്‍ തിരുത്തുന്നവരാണ് സിപിഐ. എന്നാല്‍, തെറ്റുതിരുത്താതെ അത് അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ് സിപിഎം. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ആരും മോശക്കാരല്ല. സിപിഐയുടെ കോണ്‍ഗ്രസ് ബന്ധം പഴയകാലത്തേതാണ്. എന്നാല്‍, 2004-09 യുപിഎ സര്‍ക്കാരിനെ നിലനിറുത്തിയത് ആരെന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഷം ഒരുപാടായില്ലല്ലോ. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സോമനാഥ് ചാറ്റര്‍ജിയെ നല്‍കിയായിരുന്നു ആ പിന്തുണ. അതുകൊണ്ട് കോണ്‍ഗ്രസ് പിന്തുണ പറഞ്ഞ് തങ്ങളെ വിരട്ടരുതെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു.
സമരങ്ങള്‍ വേണ്ടത്ര ക്ലച്ച് പിടിച്ചില്ലെന്ന് സിപിഐയല്ല, ജനങ്ങളാണ് പറഞ്ഞത്. അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് അവര്‍ക്ക് സംശയം തോന്നി. അങ്ങനെവരുമ്പോള്‍ സംശയം നിവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയല്ലേ. സിപിഎമ്മിനെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഇടതുമുന്നണി നടത്തിയ സമരമാണ്. സംശയം ദൂരീകരിക്കണം. സ്വയം വിമര്‍ശനപരമായാണ് ഇത് പറയുന്നത്. പിന്നെ ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ സമരം നടത്താനുള്ള അവകാശമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു. ബാര്‍ കോഴ അന്വേഷണത്തില്‍ സിപിഎമ്മില്‍ മൂന്നു നിലപാടാണുള്ളതെന്നും പന്ന്യന്‍ പറഞ്ഞു.