തദ്ദേശ തെരഞ്ഞെടുപ്പ്: ഇടക്കാല ഉത്തരവ് വ്യാഴാഴ്ച, സര്‍ക്കാരിനെതിരെ കമ്മിഷന്‍

ചൊവ്വ, 18 ഓഗസ്റ്റ് 2015 (16:47 IST)
പഞ്ചായത്ത് രൂപീകരണക്കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. കേസില്‍ ഇടക്കാല ഉത്തരവ് വ്യാഴാഴ്ച. വാര്‍ഡ് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിലാണ് കോടതി വിധി പറയുക. അതേസമയം, തെരഞ്ഞെടുപ്പ് വൈകുന്നതിന് പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാരെന്ന് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കമ്മിഷനാണ്. ഇക്കാര്യത്തിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സെപ്റ്റംബര്‍ മൂന്നിന് വാദം തുടരാനും ചീഫ് ജസ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഇടക്കാല ഉത്തരവ് എന്തായാലും അത് ഒരു തരത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പുതുക്കിയ വാർഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് 86 ദിവസം മതിയെന്നും സർക്കാർ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ വിഷയത്തിലെ സര്‍ക്കാര്‍ അപ്പീലിലെ വാദമാണ് സെപ്റ്റംബര്‍ മൂന്നിന് കേള്‍ക്കുക.

അതേസമയം, പുതുക്കിയ വാർഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് 86 ദിവസം മതിയെന്നും സർക്കാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്താന്‍ ആറു മാസം സമയം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തെറ്റാണ്. 2010ൽ 978 വാർഡുകൾ വിഭജിച്ചത് 68 ദിവസം കൊണ്ടു മാത്രമാണ്. ഇത്തവണ 204 വാർഡുകളാണ് വിഭജിക്കുന്നത്. ഇതിന് 51 ദിവസം മതിയാവും.  വാർഡ് വിഭജനം വേഗത്തിൽ തീർക്കുന്നതിന് അമ്പത് ഉദ്യോഗസ്ഥരെ കൂടുതൽ നിയമിക്കാമെന്നും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക