പത്മനാഭസ്വാമി ക്ഷേത്രവിഷയത്തില്‍ രാജകുടുംബത്തിനെതിരെ ഭരണസമിതി രംഗത്ത്. ക്ഷേത്രഭരണത്തിന് ആവശ്യമായ പണം നല്‍കാന്‍ രാജകുടുംബം തയ്യാറാകുന്നില്ലെന്നാണ് ഭരണസമിതിയുടെ കുറ്റപ്പെടുത്തല്‍. ക്ഷേത്രത്തിന്റെ ദൈനംദിനച്ചെലവുകള്‍ക്ക് പണം തികയുന്നില്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഭരണസമിതി ആരോപിക്കുന്നു.
ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നു ട്രസ്റ്റുകളാണ് നിലവിലുള്ളത്. ചിത്തിര തിരുനാളിന്റെ ഭരണകാലത്താണ് ട്രസ്റ്റുകള്‍ നിലവില്‍ വന്നത്. ഭക്തജനങ്ങളില്‍ നിന്നുള്ള സംഭാവന കൊണ്ട് ക്ഷേത്രത്തിന്റെ ദൈനംദിനച്ചെലവുകള്‍ നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആവശ്യമായ പണം ട്രസ്റ്റുകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതിന് ട്രസ്റ്റ് തയാറാകുന്നില്ലെന്നാണ് പരാതി.
പ്രതിവര്‍ഷം 11 ലക്ഷം രൂപ ട്രസ്റ്റ് ക്ഷേത്രത്തിന് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിന് ട്രസ്റ്റ് തയാറാകുന്നില്ല. ഇതുവരെ 90 ലക്ഷം രൂപയാണ് ട്രസ്റ്റ് നല്‍കാനുള്ളത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതും ട്രസ്റ്റ് നേരിട്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. എന്നാല്‍ ഇക്കാര്യവും ട്രസ്റ്റ് അവഗണിക്കുകയാണ്. വഞ്ചിയൂരില്‍ രണ്ടര ഏക്കറോളം സ്ഥലം അനധികൃതമായി വിറ്റെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ക്ഷേത്രത്തോടു ചേര്‍ന്നുള്ള കടമുറികള്‍ കൂടാതെ വിവിധയിടങ്ങളിലുള്ള ഭൂമിയും കല്യാണമണ്ഡപങ്ങളും ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ക്ഷേത്രട്രസ്റ്റുകള്‍ സ്വകാര്യ ട്രസ്റ്റുകളെ പോലെയാണ് പെരുമാറുന്നത്. ഉത്തരവാദിത്തരഹിതമാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍. മൂലം തിരുനാള്‍ രാമവര്‍മയെ ക്ഷേത്രം ട്രസ്റ്റി സ്ഥാനത്തു നിന്നും മാറ്റണമെന്നും ഭരണസമിതി ആവശ്യപ്പെടുന്നു.