മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു; അര്‍ത്തുങ്കല്‍ എസ്ഐക്കെതിരെ പരാതിയുമായി മന്ത്രി തിലോത്തമന്‍

ശനി, 7 ഒക്‌ടോബര്‍ 2017 (07:54 IST)
മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ എസ്.ഐ.ക്കെതിരെ പരാതിയുമായി മന്ത്രി പി.തിലോത്തമന്‍. അര്‍ത്തുങ്കല്‍ എസ് ഐ ശിവപ്രസാദിന്റെ നടപടിക്കെതിരെയാണ് മന്ത്രി ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ചേര്‍ത്തലയിലെ സെന്റ് മൈക്കിള്‍സ് കോളേജിന് സമീപം ദേശീയപാതയോരത്തായിരുന്നു സംഭവം നടന്നത്.
 
മന്ത്രി പി തിലോത്തമന്റെ മകന്‍ അര്‍ജുന്‍ കോളേജില്‍നിന്ന് സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരുന്ന വേളയിലാണ്എസ്‌ഐ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തത്. ആ വഴിയിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ പൊലീസ് നിയന്ത്രണത്തിലായിരുന്ന റോഡില്‍ നിര്‍ദേശപ്രകാരം ബൈക്ക് മാറ്റാന്‍ സാധിക്കാതെ വന്നതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. 
 
ഇതില്‍ രോഷംപൂണ്ട എസ്‌ഐ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും വാഹനത്തിന്റെ രേഖകളുമായി വരാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, താക്കോല്‍ ഉണ്ടെങ്കില്‍ മാത്രമേ ബൈക്കില്‍നിന്ന് രേഖകളെടുക്കാന്‍ സാധിക്കൂവെന്നുപറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ എസ്‌ഐ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. 
 
തുടര്‍ന്ന് അര്‍ജുന്റെ സുഹൃത്ത് എസ്‌ഐയുടെ അടുത്തുചെന്ന് ഇത് മന്ത്രിയുടെ മകനാണെന്നു പറഞ്ഞെങ്കിലും അദ്ദേഹം മോശമായി സംസാരിക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തായിരുന്ന മന്ത്രി വിവരമറിഞ്ഞ് ഡിജിപിയെ നേരിട്ടുകണ്ട് പരാതി അറിയിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ചേര്‍ത്തല ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസുകാര്‍ താക്കോല്‍ അര്‍ജുന്റെ വീട്ടിലെത്തിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍