സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ നടക്കും

സിആര്‍ രവിചന്ദ്രന്‍

ശനി, 20 ഓഗസ്റ്റ് 2022 (12:29 IST)
ഈ വര്‍ഷത്തെ ഓണക്കിറ്റുകള്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 22 ന് വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലെ വിതരണോദ്ഘാടനം തുടര്‍ന്ന് അതാത് ജില്ലകളില്‍ നടക്കും. സംസ്ഥാനത്തെ 1400 ല്‍പരം പാക്കിംഗ് കേന്ദ്രങ്ങളില്‍ കിറ്റ് തയ്യാറാക്കല്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ വരെ 57 ലക്ഷം കിറ്റുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.
 
ഓഗസ്റ്റ് 23, 24 തീയതികളില്‍ എ.എ.വൈ (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തീയതികളില്‍ പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകാര്‍ക്കും 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാതെ വരുന്ന എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ തീയതികളില്‍ കിറ്റ് വാങ്ങാം. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
87 ലക്ഷം റേഷന്‍ ഉപഭോക്താക്കള്‍ കിറ്റ് കൈപ്പറ്റുമെന്നാണ് കണക്കുകൂട്ടുന്നത്. 425 കോടി രൂപയാണ് ഓണക്കിറ്റ് ഇനത്തില്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. റേഷന്‍ കാര്‍ഡുടമകള്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റ് വാങ്ങണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ഉന്നത ഗുണനിലവാരമുള്ള സാധനങ്ങളാണ് കിറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത്.
 
സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേര്‍ക്കുള്ള കിറ്റ് വിതരണവും ഒപ്പം നടക്കും. ഇവര്‍ക്കുള്ള കിറ്റുകള്‍ വാതില്‍പ്പടിയായി വിതരണം ചെയ്യും. കേരളത്തിലെ 119 ആദിവാസി ഊരുകളിലും കിറ്റ് വീട്ടുപടിക്കല്‍ വിതരണം ചെയ്യും. ആദിവാസി വിഭാഗക്കാര്‍ കിറ്റ് വാങ്ങാന്‍ റേഷന്‍ കടകളില്‍ വരേണ്ടതില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍