പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
വെള്ളി, 24 ജൂലൈ 2015 (17:19 IST)
തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ച കത്ത് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കൈമാറി.
സാങ്കേതികവും നിയമപരവുമായ തടസങ്ങളാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സമയക്കുറവും, പ്രവാസികളില്‍ പലര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തതുമൊക്കെയാണ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ച തടസങ്ങള്‍. സമയക്കുറവ് ഉള്ളതിനാൽ ഈ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ വോട്ടിങ് അനുവദിക്കാനാകില്ല. എന്നാൽ, കേന്ദ്രം അനുവദിച്ചിരിക്കുന്ന മാതൃകയിൽ നേരിട്ട് വന്ന് വോട്ട് ചെയ്യാൻ അനുവദിക്കാവുന്നതാണെന്നും കമ്മീഷന്‍ പറയുന്നു.
തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കേ ഓൺലൈൻ വോട്ടിങിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാനാകില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 22000 മണ്ഡലങ്ങളും ഒരു ലക്ഷത്തോളം സ്ഥാനാർഥികളും ഉള്ളതിനാൽ വിപുലമായ തയ്യാറെടുപ്പ് ആവശ്യമാണ് എന്നും മാത്രമല്ല ഇതിനായി പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും ചട്ടങ്ങൾ ഭേദഗതി ചെയ്യണം എന്നും കമ്മീഷന്‍ കത്തില്‍ എടുത്തുപറയുന്നു.
പ്രവാസികളിൽ കൂടുതൽപേർക്കും കംപ്യൂട്ടർ പരിജ്ഞാനമില്ലാത്തതും ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വരാനിരിക്കുന്നതും പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബർ മൂന്നാംവാരമാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്. നവംബർ ഒന്നിനു മുൻപായി പുതിയ ഭരണസമിതികൾ അധികാരമേറ്റെടുക്കണം.
ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഓൺലൈൻ വോട്ടിങ് സംവിധാനം ഏർപ്പെടുത്തുക അസാധ്യമാണെന്നാണ് കമ്മീഷൻ നിലപാട്. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ഓൺലൈൻ വോട്ടിങ് ഏർപ്പെടുത്തുന്നതിന് അനുകൂല നിലപാടെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്.