നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ കോണ്‍ഗ്രസ്!

ശനി, 27 ഡിസം‌ബര്‍ 2014 (15:22 IST)
സംസ്ഥാനത്ത് അടുത്ത വര്‍ഷം പകുതിയൊടെ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടത്തിയേക്കുമെന്ന് സൂചന‍. അടുത്ത സെപ്തംബറിലോ ഒക്ടോബറിലോ ആകും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക.  അതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. കോണ്‍ഗ്രസിലെ ഒരുവിഭാഗം നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കണമെന്ന വാദഗതിക്കാരാണ്.
 
മദ്യനയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടുപക്ഷമുണ്ടായതാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യത്തിലേക്ക് ഒരുവിഭാഗത്തെ എത്തിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊപ്പം നിയംസഭാ തെരഞ്ഞെടുപ്പികൂടി നടത്തിയാല്‍ നിയമസഭയില്‍ മുന്‍‌തൂക്കം നേടാമെന്ന് പാര്‍ട്ടിയിലെ ഉന്നത വൃത്തങ്ങള്‍ കരുതുന്നു. മദ്യനയത്തില്‍ ആകെ കുഴപ്പംപിടിച്ച സ്ഥിതിയിലാണ് കോണ്‍ഗ്രസും യുഡിഎഫും.  സഖ്യ കക്ഷിയായ മുസ്ലീം ലീഗും കേരള കോണ്‍ഫ്ഗ്രസും മദ്യനയത്തില്‍ നിന്ന് പിന്നോക്കം പോയതില്‍ കോണ്‍ഗ്രസുമായി ഉടക്കിലാണ്.
 
2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും 2016 മാര്‍ച്ചിലോ ഏപ്രിലിലോ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തമ്മില്‍ മാസങ്ങളുടെ വ്യത്യാസമേയുള്ളൂ. അതിനാല്‍ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഇലക്ഷനും നടത്തിയാലെന്ത് എന്ന ആലോചനയാണ് പാര്‍ട്ടി നേതൃത്വത്തില്‍ മുറുകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായ വിധിയാണ് വരുന്നതെങ്കില്‍ നിയമസഭാ മാസങ്ങള്‍ക്ക് ശേഷം നടക്കേണ്ട തെരഞ്ഞെടുപ്പില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.
 
ഇങ്ങനെ നടത്തിയാല്‍ പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്ത് കാട്ടാനാകില്ലെന്നും തെരഞ്ഞെടുപ്പ് നേരത്തെ ആക്കണമെന്ന് വാദിക്കുന്നവരുടെ ന്യായങ്ങളാണ്. അടുത്ത ബഡ്ജറ്റില്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച നികുതികള്‍ കുറച്ചും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള തയാറെടുപ്പാകും നടത്തുകയെന്നും സൂചനയുണ്ട്. ഇപ്പോഴുള്ള വിവാദങ്ങള്‍ അധികം താമസിക്കാതെ കെട്ടടങ്ങുമെന്നും അങ്ങനെയായാല്‍ ഇത്തരം നടപടികളില്‍ കൂടി ഭരണം നഷ്ടമായാലും നാണക്കെടില്ലാത്ത രീതിയില്‍ പ്രതിപക്ഷത്തിരിക്കാമെന്നും പാര്‍ട്ടി കനക്കുകൂട്ടുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക