നിലമ്പൂർ രാധാ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

തിങ്കള്‍, 15 ജൂണ്‍ 2015 (17:07 IST)
നിലമ്പൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ബി.കെ. ബിജുനായർ, ഷംസുദ്ദീൻ എന്നിവര്‍ക്ക് സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂരിലെ ബ്ളോക്ക് കോൺഗ്രസ് ഓഫീസിൽ ജോലിക്കുപോയ രാധ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 10ന് രാവിലെ പൂക്കോട്ടുംപാടം ചുള്ളിയോടിനു സമീപം പരപ്പൻകുഴിച്ചാൽ കുളത്തിൽ രാധയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്.

അന്വേഷണത്തില്‍ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും നിലമ്പൂർ ബ്ളോക്ക് കോൺഗ്രസ് ഓഫീസ് സെക്രട്ടറിയുമായ നിലമ്പൂർ എൽ.ഐ.സി റോഡ് ബിജിനയിൽ ബി.കെ. ബിജുനായർ (38), ചുള്ളിയോട് ഉണ്ണികുളം കുന്നശ്ശേരി ഷംസുദ്ദീൻ (29) എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക