ആരും കാണാതിരുന്ന ആ ആത്മഹത്യാ കുറിപ്പ് പെട്ടന്ന് പ്രത്യക്ഷപ്പെട്ടതെങ്ങനെ?

ബുധന്‍, 15 മെയ് 2019 (15:08 IST)
കനറ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസിൽ വഴിത്തിരിവായത് ഇവർ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പാണ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആത്മഹത്യ ചെയ്ത ലേഖയുടെ ഭർത്താവിനേയും ഭർതൃമാതാവിനേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. 
 
ഇവര്‍ ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ പതിച്ച നിലയിലായിരുന്നു, മരിച്ച ലേഖയെഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ്. അറസ്റ്റ് ചെയ്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ, ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. സംഭവത്തിനു ശേഷം ബന്ധുക്കളും പൊലീസും അയൽക്കാരും ഉൾപ്പെടെ നിരവധിയാളുകൾ ഇവിടെ എത്തിയെങ്കിലും ആരും ആത്മഹത്യാ കുറിപ്പ് കണ്ടിരുന്നില്ല. 
  
പോലീസിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. കൈയക്ഷര പരിശോധനയിലൂടെയേ കത്ത് ലേഖയെഴുതിയതാണോ എന്ന് പോലീസിന് ഉറപ്പിക്കാന്‍ കഴിയൂ. ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ചന്ദ്രനും അമ്മയും പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. ഇന്നലെ മുതൽ ചന്ദ്രൻ ഇത് തന്നെയായിരുന്നു ആവർത്തിച്ച് കൊണ്ടിരുന്നത്. 
 
തെളിവുകള്‍ ശേഖരിക്കാനായി ഫോറന്‍സിക് സംഘത്തിന്റെ കൂടി സഹായത്തോടെ ഇന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇന്നലെ ആരും കാണാതെ പോയ ആത്മഹത്യ കുറിപ്പ് ഇന്ന് പെട്ടന്ന് എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത് എന്നതിലും ദുരൂഹതയേറുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍