ഗെയിംസിലെ കള്ളക്കളി സിബിഐ അന്വേഷിക്കണം: ബാലകൃഷ്ണപിള്ള

ബുധന്‍, 4 ഫെബ്രുവരി 2015 (12:38 IST)
ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയില്‍ നിന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് ഒഴിഞ്ഞുമാറാനാവില്ലെന്നും. നടത്തിപ്പിലെ അഴിമതിയെ കുറിച്ച് കേന്ദ്ര ഏജന്‍സിയായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള.

ഗെയിംസിലെ അഴിമതിയെ കുറിച്ച് വ്യക്തമാക്കിയ ചീഫ് സെക്രട്ടറി ജിജി തോംസണിനെ പുറത്താക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട ലാലിസം പരിപാടിക്കായി ചെലവാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയാറായ മോഹന്‍ലാലില്‍ നിന്ന് തുക തിരിച്ചു വാങ്ങണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മോഹന്‍ലാലിന്റെ കൈയില്‍ നിന്ന് തുക തിരിച്ചു വാങ്ങാൻ മടി കാണിക്കേണ്ട ആവശ്യമില്ല. ഖജനാവിന് നഷ്ടമുണ്ടാക്കിയ തുക ആര് തന്നാലും സര്‍ക്കാര്‍ അത് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറുമെന്ന പാഠം ദേശീയ ഗെയിംസിലെ ലാലിസം നടത്തിപ്പിലൂടെ മോഹന്‍ലാല്‍ മനസിലാക്കണമെന്നും. ഇതിന്റെ പേരില്‍ അദ്ദേഹത്തെ ഇനി വിചാരണ ചെയ്യരുതെന്നും ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. താന്‍ ഉന്നയിച്ച ബാര്‍ കോഴ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും. മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി ചൂണ്ടിക്കാട്ടുന്നവരെ മുന്നണിയില്‍ നിന്ന് പുറത്താക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും. തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിൽ എത്ര ഐഎഎസ് ഉദ്യോഗസ്ഥർക്ക് അംഗത്വം ഉണ്ടെന്ന് അന്വേഷിക്കണമെന്നും മുൻ മന്ത്രി കെബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ബിയുടെ നേതൃയോഗത്തിനു ശേഷം പിള്ള വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക