ദേശീയ ഗെയിംസ്: കൂട്ടയോട്ടം ഇന്ന്

ചൊവ്വ, 20 ജനുവരി 2015 (08:02 IST)
ദേശീയ ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടം ഇന്ന് ഗവര്‍ണര്‍ പി. സദാശിവം ഫ്ലാഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നില്‍നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പങ്കെടുക്കുന്നുണ്ട്. കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നതിനായി സച്ചിന്‍ ഇന്നലെ തന്നെ കേരളത്തില്‍ എത്തിയിരുന്നു. രാവിലെ 10.15 ഓടെ ഗവര്‍ണര്‍ അടക്കമുള്ള വശിഷ്ടാതിഥികള്‍ കൂട്ടയോട്ടത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തും.
 
തുടര്‍ന്ന് ദേശീയഗാനം, ദേശീയ ഗെയിംസിന്റെ തീംസോംഗ്, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷം 10.30ന് ഫ്ലാഗ് ഓഫ് നടക്കും. സെന്‍ട്രല്‍ സ്റ്റേഡിയംവരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ മാര്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ അണിചേരും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് വരെ മാത്രമേ ഓടൂ. കൂട്ടയോട്ടത്തിന് സൗകര്യം ഒരുക്കുന്നതിനായി രാവിലെ 10 മുതല്‍ 12 വരെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും. 
 
ജനവരി 31 ന് ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എത്തുമെന്നാണ് പ്രതീക്ഷയെങ്കിലും ഇനിയും ഉറപ്പായിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രിയേയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചിട്ടുണ്ട്. കൂട്ടയോട്ടത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി 21 മെഗാ റണ്ണും 226 മിനി റണ്ണും പതിനായിരം ഓര്‍ഡിനറി പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മൊത്തം ഒരുകോടി ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം ലോക റെക്കോഡ് ആകുമെന്നും അദ്ദേഹം പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക