മോദി സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചു, തെറ്റു തിരുത്താന്‍ തയ്യാറാകുക; സുധീരന്‍
ഞായര്‍, 8 മെയ് 2016 (15:18 IST)
കേരളത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നതില്‍ മോദിസര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചതയി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി നല്‍കി മോദി തെറ്റ് തിരുത്തണമെന്നും സുധീരന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
വി എം സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
പുതിയ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുന്നതില്‍ മോദിസര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചിരിക്കുകയാണ്.
സംസ്ഥാനങ്ങളിലെ നഗര ജനസംഖ്യയും അംഗീകൃത പട്ടണങ്ങളുടെ എണ്ണവും കണക്കിലെടുത്തുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിനും സ്മാര്‍ട്ട് സിറ്റി അനുവദിച്ചു നല്‍കേണ്ടത്.
ഇന്ത്യയില്‍ നഗര ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് (48%) ചുരുങ്ങിയത് 3 സ്മാര്‍ട്ട് സിറ്റികളെങ്കിലും ലഭിക്കാനുള്ള അര്‍ഹതയുണ്ട്. അതേസമയം ന്യായമായി കേരളത്തിന് അവകാശപ്പെട്ട മൂന്ന് സ്മാര്‍ട്ട് സിറ്റിക്ക് പകരം ഒന്ന് മാത്രമാണ് അനുവദിച്ചത്.
നഗര ജനസംഖ്യ 42% മാത്രമുള്ള ഗുജറാത്തിന് 6 സ്മാര്‍ട്ട് സിറ്റികള്‍ അനര്‍ഹമായി അനുവദിച്ചപ്പോള്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് പോലും നല്‍കാതെ നരേന്ദ്രമോദി കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെത്തി പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്ന നരേന്ദ്രമോദി കേരളത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിച്ച് തെറ്റ് തിരുത്താന്‍ തയ്യാറാകണം.