മാവോവാദികളെ സഹായിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂൽ ഉണ്ണികുളം കേളോത്തുപറമ്പിൽ നദീറിനെ പൊലീസ് വിട്ടയച്ചു. തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന് പറഞ്ഞാണ് നദിയെ പൊലീസ് വിട്ടയച്ചത്. നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനുമാണ് നദിയെ കസ്റ്റഡിയിലെടുത്തതെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്റ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നദി മാവോയിസ്റ്റ് അനുഭാവി ആണെന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ വാദം. ആറളത്തെ ആദിവാസികള്‍ നദിയെ തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് നദീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നദിക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസ് പിന്നീട് വിലയിരുത്തിയത്.
ആറളത്തെ ആദിവാസി കോളനിയില്‍ ആളുകളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തുവെന്നായിരുന്നു നദിക്കെതിരെയുള്ള കേസ്. 9 മാസം മുമ്പാണ് ഈ സംഭവങ്ങൾ നടന്നത്. ഇതിന്റെ പേരിൽ നദിയെ ഇപ്പോൾ അറസ്റ്റ് ചെയ്തത് പൊലീസിന്റെ പ്രതികാരം തീർക്കൽ നടപടിയാണെന്നും ആരോപണം ഉയരുന്നുണ്ട്. കമലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് നദീർ തർക്കിച്ചുവെന്നും ഇതിന്റെ പ്രതികാരമാണ് പൊലീസ് ഇപ്പോൾ ചെയ്തതെന്നും സുഹൃത്തുക്കൾ പറയുന്നു.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ യുഎപിഎ ചുമത്തി കമല്‍സി ചവറയെ അറസ്റ്റ് ചെയ്ത ദിവസം നദിയും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അന്നത്തെ ദിവസം കമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് തര്‍ക്കിച്ചതിന്റെ പ്രതികാരം തീര്‍ത്തതാണ് എന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു
ഇന്നലെ വൈകുന്നേരം വരെ അടച്ചിട്ട പൊലീസ് സ്റ്റേഷനില്‍ നദിയെ ചോദ്യം ചെയ്തു. വൈകിട്ടോടെ ആറളം പൊലീസ് എത്തി കണ്ണൂരിലേക്ക് നദിയെ കൊണ്ടുപോയി. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം നദി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവമില്ലാത്തയാളായിരുന്നു നദീര്‍. ഫേസ്ബുക്കില്‍ മാവോയിസത്തെ എതിര്‍ത്തുകൊണ്ട് നദി പോസ്റ്റ് ഇട്ടിരുന്നു. മാവോവാദികള്‍ക്കെതിരെ എപ്പോഴും നിലപാടെടുത്തിരുന്ന നദീറിനെ പോലുള്ളയാളെ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതില്‍ അമ്പരന്നിരിക്കുകയാണ് തങ്ങളെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഷഫീഖ് ഇന്ന് വ്യക്തമാക്കിയിരുന്നു.