നെയ്യാറിൽ കണ്ട മൃതദേഹം: രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 12 മെയ് 2022 (13:54 IST)
തിരുവനന്തപുരം: നെയ്യാറിൽ 32 കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞതുമായി ബന്ധപ്പെട്ടു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ റസൽപുരം പാൽ സൊസൈറ്റിക്കടുത്ത് താമസിക്കുന്ന ഷിജു ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു പെരുങ്കടവിള തത്തിയൂർ  സ്വദേശി ഷിജിൻ (29), മോഹൻകുമാർ (36) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്. ഷെയർ ചെയ്തു മദ്യം വാങ്ങുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണു പോലീസ് പറഞ്ഞത്. എന്നാൽ ഷിജുവിന് മറ്റുള്ളവരുമായി മുൻ പരിചയം ഇല്ലായിരുന്നു. ബിവറേജസ് ഷോപ്പിനു മുന്നിൽ വച്ചാണ് പരിചയപ്പെടുന്നതും പണം ഷെയർ ചെയ്തു മദ്യം വാങ്ങിയതും.

എന്നാൽ മദ്യം വാങ്ങി ഉപയോഗിച്ച ശേഷം ഷിജു നൽകിയ പണം കുറഞ്ഞു പോയി എന്ന് പറഞ്ഞുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും പിന്നീട് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. മൃതദേഹം നെയ്യാറിലെ കണ്ടൽക്കടവ് ഭാഗത്തു തള്ളുകയും ചെയ്തു. എന്നാൽ സംഭവത്തിന് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നത് പോലീസിനെ വളച്ചു.

പക്ഷെ ഷിജുവിന്റെ മൊബൈൽ ഫോൺ പ്രതികളിൽ ഒരാൾ ഉപയോഗിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അന്വേഷണം കൊലയാളികളിൽ എത്തിച്ചത്. അറസ്റ്റിലായ പ്രതികളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍