അമ്മ ജയമോളാണ് ജിത്തുവിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് അമ്മയെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനു പിന്നിൽ മറ്റു ചിലർക്കും പങ്കുണ്ടെന്നാണ് സംശയം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് വൈകുന്നേരത്തോടെ വീടിന് സമീപത്ത് നിന്നും ജിത്തുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൈകൾ രണ്ടും വെട്ടിമാറ്റിയിട്ടുണ്ട്. ഒരു കാലിനും വെട്ടേറ്റിട്ടുണ്ട്.
അമ്മയും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ജിത്തുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ഇന്നു ജിത്തുവിന്റെ അച്ഛനെയും അമ്മയെയും പൊലീസ് വീട്ടിൽ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അപ്പോഴൊന്നും പറമ്പിലെ വാഴത്തോട്ടത്തിൽ മൃതദേഹം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. വൈകുന്നേരത്തോടെ മൃതദേഹം ഇവിടെ കൊണ്ടിട്ടതാകാം.
ജയമോളും ജിത്തുവും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടയിൽ ജിത്തു കൊല്ലപ്പെട്ടുവെന്നുമാണ് നിഗമനം. ചോദ്യം ചെയ്യുന്നതിനിടെയാണ് ജയമോളിൽനിന്ന് കൊലപാതക സൂചന പൊലീസിന് ലഭിച്ചത്. മകനെ തീ കൊളുത്തുകയായിരുന്നെന്ന് ഇവർ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു.
കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയായ ജിത്തുവിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്കെയിൽ വാങ്ങാൻ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പത്രങ്ങളിൽ പരസ്യവും നൽകി.