ആദിവാസിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് എട്ടര കൊല്ലം തടവ് ശിക്ഷ
മണ്ണാർക്കാട്: ആദിവാസിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് എട്ടര കൊല്ലം തടവ് ശിക്ഷയും 21000 രൂപ പിഴയും വിധിച്ചു. അഗളി ഗുഡയൂർ ഊരിലെ മുരുകേശൻ വീട്ടിൽ കയറി വെട്ടിയ കേസിലാണ് കാരറ സ്വദേശി കുട്ടൻ എന്ന സുബ്രഹ്മണ്യനെ കോടതി ശിക്ഷിച്ചത്.
2013 ലാണ് അഗളി പോലീസ് ഈ കേസ് രജിസ്റ്റർ ചെയ്തത്. മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എസ്.മധുവാണ് ശിക്ഷ വിധിച്ചത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടു മുരുകേശൻ കളക്ടർക്ക് പരാതി നൽകിയതാണ് വധശ്രമത്തിനു കാരണമായത്. പിഴ സംഖ്യയിൽ നിന്ന് പതിനായിരം രൂപ മുരുകേശന് നൽകണമെന്നും കോടതി വിധിച്ചു.