മൂന്നാര്‍ സമരക്കാരുടെ മനോഭാവം അഭിനന്ദനമര്‍ഹിക്കുന്നത്: ചെന്നിത്തല

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (14:42 IST)
മൂന്നാറിലെ കണ്ണൻ ദേവൻ തോ‌ട്ടം തൊഴിലാളികൾ നടത്തിവന്ന സമരത്തിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മൂന്നാറിലെ സമരക്കാരുടെ മനോഭാവം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നതാണ്. വിജയിച്ച സമരത്തില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യൂണിയനുകളും പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തൊഴിലാളി നേതൃത്വങ്ങളും മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ആത്മപരിശോധന നടത്തണം. അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തൊഴിലാളി രാഷ്ട്രീയം മുന്നോട്ടുപോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, തോ‌ട്ടം തൊഴിലാളികൾ നടത്തിവന്ന സമരത്തിനെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി കെപി സഹദേവന്‍ രംഗത്തെത്തി. സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണ്. സമരക്കാര്‍ പറയുന്നത് തങ്ങളെ ആരും സഹായിച്ചിട്ടില്ലാന്നാണ്. എന്നാല്‍ മുഴുവന്‍ സമയവും സമരം നടത്തിയ ഇവര്‍ക്ക് എവിടെ നിന്നാണ് ഭക്ഷണവും വെള്ളവും കിട്ടിയെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഹദേവന്‍ ചോദിച്ചു.

തൊഴിലാളിള്‍ക്ക്  20% ബോണസ് നൽകാൻ കണ്ണന്‍ ദേവന്‍ കമ്പനി സമ്മതിച്ചതൊടെയാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോൺ, ആര്യാടൻ മുഹമ്മദ് എന്നിവർ കമ്പനി മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ നേതാക്കളും സമരസമിതി പ്രതിനിധികളുമായി നടത്തിയ ഒ‍ൻപതു മണിക്കൂർ നീണ്ട ചർച്ചയിലാണു തീരുമാനം.

വെബ്ദുനിയ വായിക്കുക