മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. മൂന്നാര്‍ കൈയേറ്റ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത് ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാനാണ്. വൻകിട കൈയേറ്റങ്ങൾ മാത്രമല്ല, ചെറുകിട കൈയേറ്റങ്ങളും ഒഴിപ്പിക്കണം. കൈയേറ്റമൊഴിപ്പിക്കലുമായി റവന്യൂവകുപ്പ് മുന്നോട്ടു പോകണമെന്നും സിപിഐ എക്‌സിക്യൂട്ടീവ് യോഗം വ്യക്തമാക്കി.
കോട്ടയത്ത് കേരളാ കോണ്‍ഗ്രസുമായി (എം) കൂട്ടുകൂടിയത് തെറ്റാണ്. ഈ കൂട്ടുകെട്ട് രാഷ്ട്രീയ ധാർമികതയ്ക്കു നിരക്കാത്തതാണ്. പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന കെഎം മാണിയെ എൽഡിഎഫില്‍ എടുക്കുമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും സിപിഐ സമിതി അറിയിച്ചു.
മാണിക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകാനുമാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. കേരളാ കോൺഗ്രസ് മാണി വിഭാഗവുമായി സഹകരിച്ച സിപിഎമ്മിന്റെ നടപടിയേയും സിപിഐ യോഗം വിമർശിച്ചു.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ സിപിഎമ്മുമായി ഭിന്നത തുടരുന്നതിനിടെയാണ് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തിരുവനന്തപുരത്ത് സമ്മേളിച്ചത്.
മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ച യോഗത്തില്‍ പരോക്ഷമായി സിപിഐയെ വിമര്‍ശിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടതെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് സിപിഐയുടെ വിമര്‍ശനം വീണ്ടും.