മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ കാണുമെന്ന് പിജെ ജോസഫ്

തിങ്കള്‍, 17 നവം‌ബര്‍ 2014 (12:49 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി പി ജെ ജോസഫ്. ഇതുസംബന്ധിച്ച് സമരസമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ സുരക്ഷ അവലോകനത്തിന് ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള പരിശീലനം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ജില്ലാ ഭരണകൂടം ഇതിനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണെന്നും ജോസഫ് പറഞ്ഞു. 
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നില്ലെന്നും ആശങ്കയില്ലെന്നും പറയുന്നത് ശരിയല്ല. നിലവില്‍ 141.1 അടിയായി ജലനിരപ്പ് ഉയര്‍ന്നു. കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അണക്കെട്ടിലെ ഒരു ഷട്ടര്‍ കേടാണ്. അതിനാലാണ് 136 അടിയില്‍ കൂടുതല്‍ ജലനിരപ്പ് കൂട്ടരുത് എന്ന് കേരളം ആവശ്യപ്പെടുന്നത്. 142 അടിയായാല്‍ ഷട്ടര്‍ ഉയര്‍ത്തും. 
 
എല്ലാ ഷട്ടറുകളും ഒരുമിച്ച് ഉയര്‍ത്തേണ്ട സാഹചര്യം പെട്ടെന്നുവന്നാല്‍ ആശങ്കയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് ജില്ലാ കലക്ടര്‍ വിദേശപര്യടനം വെട്ടിച്ചുരുക്കി സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക