മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ചോര്‍ച്ച കൂടി, ആശങ്കയിലായി കേരളം
തിങ്കള്‍, 17 നവംബര്‍ 2014 (19:42 IST)
ജലനിരപ്പ് താഴ്ത്താന്‍ തമിഴ്നാട് തയ്യാറാകാത്തതിനിടെ കേരളത്തെ ആശങ്കയിലാക്കി മുല്ലപ്പെരിയാര്‍ ഡാമിന്റെ ചോര്‍ച്ച ശക്തമായതായി റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറിനു പുറമേ ബേബി ഡാമിലും ചോര്‍ച്ച കൂടിയിട്ടുണ്ട്. പ്രധാന അണക്കെട്ടിലെ പത്തുമുതല്‍ 18 വരെയുള്ള ബ്ളോക്കുകളിലാണ് ചോര്‍ച്ച വര്‍ധിച്ചത്. ബേബി ഡാമില്‍ നിന്ന് സുര്‍ക്കി മിശ്രിതം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
നേരത്തെ തമിഴ്നാട് ഡാമില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിനേ തുടര്‍ന്നാണ് ജലനിരപ്പ് 142 അടിയാക്കുന്നതിനായി വെള്ളം കൊണ്ടുപോകുന്നത് കുറച്ചത്. ഇതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അണക്കെട്ടിലെ ജലനിരപ്പ് 141.1 അടിയായി ഉയര്‍ന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനെ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ വൈദ്യുതീകരണം നടത്തുന്നതിനുള്ള തയാറെടുപ്പുകളാണ് തമിഴ്നാട് ആരംഭിച്ചത്. സോളാര്‍ പാനലുകളും ലൈറ്റുകളുമായി തമിഴ്നാട് ഉദ്യോഗസ്ഥര്‍ അണക്കെട്ടിലേക്കു പോയി.