മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് സ്ഥാനത്ത് എം കെ ദാമോദരന്‍ ഇനിയില്ല; കുമ്മനത്തിന്റെ ഹര്‍ജിയും സ്ഥാനമൊഴിയുന്നതിന് കാരണമായി

ചൊവ്വ, 19 ജൂലൈ 2016 (11:23 IST)
മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് പദവിയില്‍ നിന്ന് അഡ്വ എം കെ ദാമോദരന്‍ ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ് ആയി ദാമോദരന്‍ തുടരുന്നതില്‍ അതൃപ്തി ഉള്ളതായി സി പി ഐ വ്യക്തമാക്കിയിരുന്നു. കൂടാതെ, എം കെ ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ദമോദരന്‍ സ്ഥാനം ഒഴിഞ്ഞത്.
 
അതേസമയം, എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവ് എന്ന സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദമോദരന്റെ നിയമനത്തെ ചോദ്യം ചെയ്ത് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
 
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനത്തേക്ക് ദമോദരന്‍ എത്തില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക