ആക്ഷേപഹാസ്യങ്ങളും വിവാദ സംഭാഷണങ്ങളുമുണ്ടാകുന്നതിൽ എന്താണ് തെറ്റ്? പുസ്തകങ്ങൾ നിരോധിക്കുന്നത് നല്ല സംസ്കാരമല്ലെന്ന് സുപ്രീംകോടതി

വ്യാഴം, 2 ഓഗസ്റ്റ് 2018 (15:14 IST)
വിവാദ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ പുസ്തകങ്ങൾ നിരോധിക്കുന്നത് നല്ല സംസ്‌കാരമല്ലെന്ന് സുപ്രീം കോടതി. ആക്ഷേപഹാസ്യങ്ങളും പുസ്തകങ്ങളില്‍ ആയിക്കൂടെയെന്നും കോടതി ചോദിച്ചു. എസ് ഹരീഷിന്റെ മീശ നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
 
ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഹർജിയിൽ മാതൃഭൂമിക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി തീരുമാനമായി. മീശയിലെ വിവാദ ഭാഗങ്ങളുടെ പരിഭാഷ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 
 
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും എസ് ഹരീഷിന്റെ മീശ എന്ന നോവൽ പിന്‍വലിച്ചിരുന്നു. ഇതിനുശേഷം ‘നോവൽ’ ഡി.സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
 
സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചാണ് ഹര്‍ജി. ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീംകോടതിയെ സമീപിച്ചത്. 328 പേജുള്ള പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍