61 കാരനായ വിവാഹ തട്ടിപ്പു വീരന്‍ ഏഴാം വിവാഹത്തിനൊരുങ്ങവേ അറസ്റ്റിലായി

എ കെ ജെ അയ്യര്‍

വെള്ളി, 11 ജൂണ്‍ 2021 (12:27 IST)
കോഴിക്കോട്: പലതരത്തിലുമുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കി നിരവധി യുവതികളെ വിവാഹം ചെയ്ത തട്ടിപ്പു വീരന്‍ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കവേ പോലീസ് വലയിലായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അരിയില്‍ പൂത്തറമ്മല്‍ പവിത്രന്‍ എന്ന താഹിര്‍ (61) ആണ് പയോളി പോലീസിന്റെ പിടിയിലായത്.  
 
ഇയാള്‍ ഇതുവരെയായി ആറ് സ്ത്രീകളെ വിവാഹം ചെയ്തു. ഇതിനൊപ്പം നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും മറ്റും വാഗ്ദാനം ചെയ്തും പണം തട്ടിയെടുത്ത ഇയാളെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  പോലീസ് വലയിലാക്കിയത്.
 
തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിന് സി.ഐ.എസ്.എഫില്‍ ജോലി വാഗ്ദാനം ചെയ്തു ഏഴു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2018 ഡിസംബറിലാണ് ആദ്യ ഗഡു എന്ന നിലയ്ക്ക് അഞ്ചു ലക്ഷവും പിന്നീട് 2020 ജനുവരിയില്‍ രണ്ട് ലക്ഷവും താഹിര്‍ തട്ടിയെടുത്തത്. എന്നാല്‍ പിന്നീട് ഇയാള്‍ മുങ്ങി. ഇതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസിനോട് സമ്മതിച്ചു.
 
മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ഇയാള്‍ 6  വിവാഹങ്ങള്‍ ചെയ്തത്. ഇതില്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുമുണ്ട്. തുടര്‍ന്ന് നടത്തിയ വിവാഹങ്ങളെല്ലാം ഇയാള്‍ ഇസ്ലാം മതത്തിലേക്ക് മാറി എന്ന് അവകാശപ്പെട്ട ശേഷം അഞ്ചു മുസ്ലിം സ്ത്രീകളെ വിവാഹം ചെയ്തതായി സമ്മതിച്ചു. പെരിന്തല്‍മണ്ണ, കൂടരഞ്ഞി, മാനന്തവാടി, അഴിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ വിവാഹങ്ങള്‍ നടത്തിയത്. ഇതില്‍ രണ്ട് സ്ത്രീകളില്‍ ഓരോ കുട്ടികളുമുണ്ട്.
 
ഏഴാമത്തെ വിവാഹം ചെയ്യാനുള്ള പെണ്ണുകാണല്‍ ചടങ്ങു നടക്കുന്നതിനിടെയാണ് മലപ്പുറത്തെ അടിവാരം ചിപ്പിലിത്തോടിനടുത്ത് വച്ച് ഇയാള്‍ പിടിയിലായത്. അടിക്കടി മൊബൈല്‍ നമ്പര്‍ മാറ്റുന്ന രീതിയുള്ള ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടിച്ചത്. ഇയാളുടെ തട്ടിപ്പിന് കൂട്ടുനിന്ന രണ്ട് പേരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍