മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർഥി; യുഡിഎഫ് നേതൃനിരയില്‍ തുടരും - തീരുമാനം അറിയിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍

ബുധന്‍, 15 മാര്‍ച്ച് 2017 (17:36 IST)
മലപ്പുറത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് പി കെ  കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർഥിയാകും. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിലാണ് ഈ തീരുമാനം അറിയിച്ചത്.

ഈ മാസം 20ന് രാവിലെ കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പാർലമെൻറംഗമായാലും കേരളത്തിന്റെ യുഡിഎഫിന്റെ നേതൃനിരയിൽ തന്നെ കുഞ്ഞാലിക്കുട്ടി ഇനിയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പാണക്കാടു ചേർന്ന പാർട്ടി ഉന്നതാധികാര സമിതിക്കു ശേഷമായിരുന്നു സ്നാര്‍ഥി പ്രഖ്യാപനം നടന്നത്. എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മുൻഗാമികൾ കാണിച്ചു തന്ന മാർഗത്തിലൂടെ സഞ്ചരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതോടെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംജാതമാകുമെന്ന സാഹചര്യവുമുണ്ട്.  

ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വരുന്ന ഏപ്രിൽ 12നാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ 17നാണ് ഫലപ്രഖ്യാപനം. അന്തരിച്ച ഇ അഹമ്മദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് മലപ്പുറം.

വെബ്ദുനിയ വായിക്കുക