ഇറക്കുമതി ചെയ്തതെല്ലാം ഉപേക്ഷിക്കണമെങ്കിൽ ആദ്യം ഉപേക്ഷിക്കേണ്ടതു കമ്യൂണിസം: എം മുകുന്ദന്‍
വ്യാഴം, 6 ഓഗസ്റ്റ് 2015 (12:44 IST)
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതെല്ലാം ഉപേക്ഷിക്കണമെങ്കിൽ ആദ്യം ഉപേക്ഷിക്കേണ്ടതു കമ്യൂണിസത്തെയാണെന്ന് പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍. എഴുത്തുകാരൻ നൂറനാട് ഹനീഫിന്റെ ഒൻപതാം ചരമവാർഷിക അനുസ്മരണ പ്രഭാഷണവും സാഹിത്യ പുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതിയെ കൈവിട്ട് സ്വദേശിയെ പുൽകണമെന്ന മുദ്രാവാക്യത്തിനെതിരെ മുകുന്ദൻ പറഞ്ഞതാണ് ഇടതിനു പണിയായത്.
മിക്‌സിയും മൊബൈലുമെല്ലാം പുറത്തു നിന്നു വന്നതല്ലേ. അവയെല്ലാം ഉപേക്ഷിക്കേണ്ടേ? അപ്പോള്‍ മാർക്‌സും ഏംഗൽസും മലയാളികൾ അല്ലല്ലോ. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതെല്ലാം ഉപേക്ഷിക്കണമെങ്കിൽ ആദ്യം ഉപേക്ഷിക്കേണ്ടതു കമ്യൂണിസത്തെയാണ്. അദ്ദേഹം പറഞ്ഞു.
ആധുനിക സാഹിത്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് ആരോപണം. ആധുനികത കൊണ്ടുവന്നത് ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരാണ്. കാക്കനാടനും താനുമെല്ലാം അതിൽ ഉൾപ്പെടും. എന്നാൽ തങ്ങളെ വിമർശിച്ചവർ ഇടതുപക്ഷ രാഷ്ട്രീയക്കാരാണെന്ന വൈരുധ്യം നിലനിൽക്കുന്നു. ആധുനിക സാഹിത്യത്തിലെ കഥാപാത്രങ്ങൾ മലയാളികളല്ല എന്നാണ് അടുത്ത ആരോപണം. മലയാളിയുടെ കഥ മാത്രമെ പറയാൻ പാടുള്ളോ.? മനുഷ്യന്റെ കഥയാണു പറയേണ്ടത്.
മനുഷ്യരിലേക്കുള്ള യാത്രയാണ് എഴുത്തുകാർ നടത്തുന്നത്. കഥാപാത്രങ്ങൾ ജാതിക്കും മതത്തിനും പ്രത്യശാസ്ത്രത്തിനും അതീതരാണ്. അതു നല്ല കാര്യമല്ലേ? അധുനിക സാഹിത്യത്തിന് എല്ലായിടത്തും ഒരിടമുണ്ട്. ഏതു ചർച്ചയിലും അതു കടന്നുവരും. ഇപ്പോഴും കൂടുതൽ വായിക്കുന്നതു പഴയ കൃതികളാണ്-മുകുന്ദൻ വ്യക്തമാക്കി.