സഭാ വിശ്വാസികള്‍ അന്യമത- സഭാ വിശ്വാസികളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് തടയുന്നതിനായി കത്തോലിക്കാ സഭ കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നു.
സഭാ വിശ്വാസികളായ പെണ്‍കുട്ടികള്‍ അന്യ മതസ്ഥരേയും മറ്റ് ക്രിസ്ത്യന്‍ സഭാംഗങ്ങളേയും വിവാഹം കഴിക്കുന്നത് മത പരിവര്‍ത്തനത്തിനും സഭാംഗങ്ങളുടെ എണ്ണം കുറയലിനും കാരണമാകുന്നതിനാലുമാണ് മിശ്രവിവാഹത്തിനെ എതിര്‍ക്കാന്‍ കത്തോലിക്ക സഭ തീരുമാനിച്ചിരിക്കുന്നത്.
ദിവസവും ഒന്ന് എന്ന തോതില്‍ ക്രൈസ്തവ വിശ്വാസികള്‍ മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് തൃശൂര്‍ അതിരൂപതയുടെ കണ്ടെത്തല്‍. അന്യ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന പെണ്‍കുട്ടികളാണത്രെ ഇങ്ങനെയുള്ള മിശ്ര വിവാഹങ്ങളില്‍ ചെന്ന് പെടുന്നത് എന്നാണ് അതിരൂപത കണ്ടെത്തിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകുന്ന സഭാവിശ്വാസികളായ സ്ത്രീകളും കുടങ്ങിപ്പോകുന്നുണ്ടെന്നും അതിരൂപതയുടെ പഠനത്തിലുണ്ട്. ബോധവത്കരണവും മതപഠനവും ആണ് മതപരിവര്‍ത്തനത്തേയും മിശ്രവിവാഹത്തേയും ചെറുക്കാന്‍ സഭ കണ്ടെത്തിയ മാര്‍ഗ്ഗം.
രക്ഷിതാക്കളെ ബോധവത്കരിക്കുക, കുട്ടികളെ ഉന്നത വിദ്യാഭ്യാസകാലത്തും മതബോധനം നിര്‍ബന്ധമാക്കുക. നാടുവിട്ട് പുറത്ത് പോകുന്നവരെ അവിടങ്ങളിലെ സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുക. സഭയുടെ പദ്ധതികള്‍ ഇങ്ങനെയൊക്കെയാണ്.