നിയമസഭയില്‍ അക്രമങ്ങള്‍; 12 കേസുകള്‍

വ്യാഴം, 6 ഓഗസ്റ്റ് 2015 (20:40 IST)
കഴിഞ്ഞ മാര്‍ച്ച് 13 ന് നിയമസഭയിലെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് സഭയ്ക്കകത്തും പുറത്തുമായി നടന്ന വിവിധ അക്രമങ്ങളില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഇതില്‍ ഒട്ടാകെ 6 പേരെയാണ് ഉത്തരവാദികള്‍ ആയി കാണിച്ചിട്ടുള്ളത്.
 
തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ് എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.  തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ വി.സുരേഷ് കുമാറാണ് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്‍റ് നല്‍കിയത്.
 
ബജറ്റ് അവതരണ വേളയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മാര്‍ച്ച് 17 ന് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടതിനെ തുടര്‍ന്ന് ഒരു ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റേറ്റ്‍മെന്‍റില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക