ലോ അക്കാദമിയില്‍ പിണറായിക്ക് പിഴച്ചു; ഭൂമി വിനിയോഗത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തല്‍ - റിപ്പോര്‍ട്ട് ജില്ലാ കളക്‍ടര്‍ക്ക് കൈമാറി
ശനി, 4 ഫെബ്രുവരി 2017 (19:58 IST)
ലോ അക്കാദമിയുടെ ഭൂമി വിനിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയതിന് പിന്നാലെ ഭൂമി വിനിയോഗത്തില്‍ അപാകതയുണ്ടെന്ന് വ്യക്തമാക്കി ജില്ലാ കളക്‍ടര്‍ക്ക് താലൂക്ക് സര്‍വ്വേയര്‍ റിപ്പോര്‍ട്ട് നല്‍കി.
അക്കാദമി ഭൂമിയിലെ ഹോട്ടല്‍, ഗസ്റ്റ് ഹൗസ്, ബാങ്ക് എന്നിവ ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് ഉടന്‍ തന്നെ റവന്യു സെക്രട്ടറിക്ക് നല്‍കും. ഭൂമി വിനിയോഗത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
നേരത്തെ ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെ പിണറായിയുടെ നിലപാട് തെറ്റാണെന്ന് പറഞ്ഞ് വിഎസും രംഗത്തെത്തിയിരുന്നു.
ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ അന്വേഷണം തുടരുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് റവന്യൂ മന്ത്രി അറിയിച്ചത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.