കള്ളപ്പണ വിഷയത്തില്‍ പിണറായിയെ വെല്ലുവിളിച്ച കുമ്മനം രാജശേഖരന്റെ വാദം പൊളിഞ്ഞു; രാജശേഖരന്റെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് - ബിജെപി പ്രതിരോധത്തില്‍

ബുധന്‍, 23 നവം‌ബര്‍ 2016 (20:03 IST)
മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള കേരളത്തില്‍ കേരളത്തില്‍ എങ്ങനെ മൂന്നരക്കോടി സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരില്‍ നാല് ബാങ്ക് അക്കൗണ്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാജശേഖരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എസ്‌ബിഐയില്‍ രണ്ട് അക്കൗണ്ടുകളും എസ്‌ബിടിയിലും എച്ച്ഡിഎഫ്‌സിയിലും ഓരോ അക്കൗണ്ടുകളുമാണ് രാജശേഖരന്റെ പേരിലുള്ളതെന്നാണ് ഓണ്‍‌ലൈന്‍ പോര്‍ട്ടലായ സൌത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജശേഖരന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം പുറത്തുവന്നത് സംസ്ഥാന ബിജെപി ഘടകത്തെ വല്ലാതെ ഉലച്ചു. എസ്ബിഐയില്‍ രാജശേഖരന്റെ പേരില്‍ കലൂര്‍ ബ്രാഞ്ചിലും എളമക്കര ബ്രാഞ്ചിലും അക്കൗണ്ടുകളുണ്ട്. പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കുമ്മനത്തിനും സംഘത്തിനും ഇപ്പോഴുള്ളത്.

അതേസമയം, സഹകരണ മേഖലയിലെ പ്രതിസന്ധി അറിയിക്കാനായി കേരളത്തിൽ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് ഈ കാര്യം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക