തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കുമ്മനം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 12 ഏപ്രില്‍ 2022 (13:51 IST)
തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. നിരന്തരമായ കര്‍ഷക ദ്രോഹത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് നിരണം സ്വദേശിയായ രാജീവന്‍. താങ്ങാനാവാത്ത കടഭാരവും അധികൃതരുടെ കടുത്ത ദ്രോഹവും തന്മൂലമുണ്ടായ നൈരാശ്യവും കൃഷിനാശവും രാജീവനെ മാനസികമായി തളര്‍ത്തി. ഒരിക്കലും രക്ഷപെടാനാവില്ലെന്ന നിഗമനമാണ് ആത്മഹത്യയില്‍ എത്തിച്ചത്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും മഴയും മൂലം വന്‍കെടുതികളെ അഭിമുഖീകരിക്കേണ്ടിവന്ന കര്‍ഷകനെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ 
സംസ്ഥാന  സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു
 
അവകാശപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കാതെ ദുരിതത്തിന്റെ നടുക്കയത്തിലേക്ക് തള്ളിയിട്ടു. ജീവനൊടുക്കുക മാത്രമേ വഴിയുള്ളൂവെന്ന അവസ്ഥയില്‍ എത്തിച്ചു. കുട്ടനാടന്‍ പാടശേഖരങ്ങളിലെ കര്‍ഷകരെല്ലാം വലിയ പ്രതിസന്ധിയിലാണ്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ ഭീതിദമായ സാഹചര്യം ഒരു വശത്ത്. തങ്ങളുടെ ഏക ആശ്രയമായ കൃഷി നശിച്ചുപോകുന്നതുമൂലം മറുവശത്തു ജീവിതം വഴിമുട്ടി നില്‍ക്കുന്നു. 2018 ലെ പ്രളയത്തെ തുടര്‍ന്ന് തോടുകളില്‍  വന്നടിഞ്ഞ എക്കലും ചേറും ചെളിയും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തന്മൂലം വിളഞ്ഞുകിടക്കുന്ന   പാടശേഖരങ്ങള്‍ വേനല്‍മഴയില്‍ പെയ്ത വെള്ളംകൊണ്ട് നിറഞ്ഞു. തോട്ടപ്പള്ളി സ്പില്‍ വേ വഴി ഓരുവെള്ളം കയറുന്നു. ബണ്ടും വരമ്പും കുത്തി ഉപയോഗയോഗ്യമാക്കുന്നില്ല. രണ്ടാം കൃഷിയുടെ ഇന്‍ഷുറന്‍സ് തുക ഇനിയും ലഭിച്ചിട്ടില്ല. വിത്തിലെ കൃത്രിമം മൂലം നെല്ലിനിടയില്‍ കളയും വരിനെല്ലും കൂടി. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍