പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ ടേൺ അനുസരിച്ച് ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സർവ്വീസുകൾ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്മെന്‍റ് സോണൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനമാകെ 600ലേറെ സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ദീർഘദൂര സർവീസുകളിലും എസി സർവീസുകളിലും താൽക്കാലിക ഡ്രൈവർമാരില്ലാത്തതിനാൽ ഈ സർവീസുകൾ മുടങ്ങില്ല.
സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താൽക്കാലിക ഡ്രൈവർമാരെയാണ് കെഎസ്ആർടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിർദ്ദേശം. പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്നതിൽ സർക്കാരിനും ആശങ്കയുണ്ട്.