ചുരുങ്ങിയ ചെലവില്‍ വിനോദസഞ്ചാരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിന്റെ നാലുമാസത്തെ വരുമാനം 1.96 കോടിരൂപ

സിആര്‍ രവിചന്ദ്രന്‍

ശനി, 2 ഏപ്രില്‍ 2022 (13:14 IST)
ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാന്‍ ഇഷ്ടമുളളവരാണ് മലയാളികള്‍. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടല്‍ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുകയാണ് കെഎസ്ആര്‍ടിസി. 2021ല്‍ കേരളപിറവി ദിനത്തിലാണ് കെഎസ്ആര്‍ടിസി ആദ്യത്തെ ബജറ്റ് ടൂര്‍ ആരംഭിച്ചത്. ചാലക്കുടി-മലക്കപ്പാറ യാത്രയാണ് ആദ്യമായി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ആ യാത്ര വന്‍വിജയമായതിനെത്തുടര്‍ന്നാണ് വിവിധ ഡിപ്പോകളില്‍ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍ പാക്കേജുകള്‍ നടത്തുന്നത്.
 
സംസ്ഥാനത്ത് നിലവില്‍ കെഎസ്ആര്‍ടിസിയുടെ ഒന്‍പത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളില്‍ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിള്‍ സഫാരി, മണ്‍റോതുരുത്ത്, മൂന്നാര്‍, വാഗമണ്‍, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളില്‍ നിന്നും അടുത്തുളള ഡാം, ബീച്ച്, ആന വളര്‍ത്തല്‍കന്ദ്രം എന്നിവിടങ്ങളിലേക്കും കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജ് സര്‍വ്വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതല്‍ രണ്ട് ദിവസം, മൂന്ന് ദിവസം നീളുന്ന ടൂര്‍ പാക്കേജുകളും ഉണ്ട്. മലക്കപ്പാറ സര്‍വീസാണ് കെഎസ്ആര്‍ടിസിക്ക് ടൂര്‍ പാക്കേജുകളില്‍ ഏറ്റവും അധികം വരുമാനം ലഭിച്ചത്. മൂന്നാര്‍, കോതമംഗലം ജംഗിള്‍ സഫാരി, നെല്ലിയാമ്പതി എന്നിവയാണ് തൊട്ടു പിന്നില്‍. വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ 13 വരെ നടത്തിയ വുമണ്‍സ് ട്രാവല്‍ വീക്കില്‍ 4500 വനിതകള്‍ മാത്രം യാത്രചെയ്തുകൊണ്ട് 100 ട്രിപ്പാണ് കെഎസ്ആര്‍ടിസി നടത്തിയത്. പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുത്തത്.
 
കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍ പാക്കേജില്‍ നാല് മാസത്തിനിടെ വിവിധ സര്‍വീസുകളില്‍ നിന്നായി 1,96,62,872 രൂപയാണ് വരുമാനം ലഭിച്ചത്. 763 ട്രിപ്പുകളിലായി 36,749 യാത്രക്കാര്‍ വിവിധയിടങ്ങളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തി. https://www.facebook.com/KeralaStateRoadTransportCorporation എന്ന കെഎസ്ആര്‍ടിസിയുടെ വേരിഫൈഡ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ ബജറ്റ് ടൂര്‍ പാക്കേജുകളുടെ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ ടൂര്‍ പാക്കേജുകള്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍