വികസനമില്ലെന്ന വാദത്തില്‍ പൊതിഞ്ഞ് ബി ജെ പി കേരളത്തിലെ ജനങ്ങള്‍ക്കായി വച്ചുനീട്ടുന്നത് വര്‍ഗീയതയുടെ വിഷമാണ് : ഉമ്മന്‍ ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ശനി, 7 മെയ് 2016 (11:11 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാലക്കാട് നടത്തിയ വികസന പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബി ജെ പിയുടെ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വികസ മുരടിപ്പാണെന്ന മോദിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായത്. കേരളത്തിലെ ജനങ്ങള്‍ക്കായി ബി ജെ പി വച്ചുനീട്ടുന്നത് വര്‍ഗീയതയുടെ വിഷമാണ്. ഇതില്‍ കരുതിയിരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
വച്ചുനീട്ടുന്നത് വികസനത്തില്‍ പൊതിഞ്ഞ വര്‍ഗീയത; മലയാളികളായ നാം കരുതിയിരിക്കുക
 
രാജ്യത്ത് പല സംസ്ഥാനങ്ങളിലും വര്‍ഗീയ ദ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുത്ത ബി ജെ പിയുടെ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ല. വികസനത്തെക്കുറിച്ച് എത്ര വാചാലമായാലും ഇന്ത്യയിലെവിടെയുമെന്നപോലെ വര്‍ഗീയ ദ്രുവീകരണമാണ് കേരളത്തിലും ബി ജെ പി ലക്ഷ്യമിടുന്നത്. കേരളത്തില്‍ ബി ജെ പി രൂപീകരിച്ച സഖ്യത്തിന്റെ ഘടന പരിശോധിച്ചാലും ഇതു വ്യക്തമാണ്. മതത്തിലധിഷ്ടിതമായ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടു മാത്രമാണ് ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നീങ്ങുന്നത്. ഇതു ചെന്നെത്തുന്നതും വര്‍ഗീയ ദ്രുവീകരണമെന്ന ബി.ജെ.പിയുടെയും മോദിയുടേയും അജണ്ടയിലേക്കാണ്. ഇതെല്ലാം മറച്ചുവച്ച് കേരളീയരെ വികസനത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ് മോദിയുടെ നേതൃത്വത്തില്‍ ഇന്നലെ പാലക്കാട് തുടക്കം കുറിച്ചത്.
 
60 വര്‍ഷമായി ഭരിച്ചവര്‍ കേരളത്തെ കട്ടുമുടിക്കുകയായിരുന്നു എന്ന മോദിയുടെ പ്രസ്ഥാവന വാസ്തവവിരുദ്ധമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം കേരളം കണ്ടില്ലാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കൊച്ചി മെട്രോ, സ്മാര്‍ട്‌സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നിവയെല്ലാം ഉദാഹരണങ്ങളുമാണ്. കാല്‍ നൂറ്റാണ്ടായി കേരളത്തിന്റെ സ്വപ്‌നമായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനത്തിന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിഥിന്‍ ഗഡ്കരി പങ്കെടുത്തതാണ്. സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്ര ഐ ടി മന്ത്രി രാജീവ് പ്രസാദ് റൂഡിയും എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കൊച്ചി മെട്രോ റയില്‍ പദ്ധതിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിന് അറിവുള്ളതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ഒരു കാലഘട്ടം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. യാഥാര്‍ഥ്യങ്ങള്‍ ഇതാണെന്നിരിക്കേ എങ്ങനേയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പച്ചക്കള്ളങ്ങളാണ് മോദി തട്ടിവിട്ടത്. കേരളത്തിലെ ജനങ്ങളേയും ഭരണത്തേയും മനപ്പൂര്‍വമായി അധിക്ഷേപിക്കാനുള്ള ശ്രമമാണ് മോദിയുടെ സംഘവും ആരംഭിച്ചിരിക്കുന്നത്.
 
മതേതരത്വവും മതേതര മൂല്യങ്ങളും കേരളീയര്‍ക്ക് പ്രാണവായുപോലെ പ്രധാനമാണ്. ഏതറ്റംവരെ പോയും ഈ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മലയാളി പ്രതിജ്ഞാബദ്ധമാണ്. നാനാജാതി മതസ്ഥര്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഇവിടെ വര്‍ഗീയ ലഹളകളും വര്‍ഗീയ സംഘട്ടനങ്ങളും അന്യമായ സങ്കല്‍പ്പമാണ്. മതേതര മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്. ഈ കാലത്തിനിടെ ഒരു ചെറിയ വര്‍ഗീയ സംഘര്‍ഷത്തിനുപോലും കേരളം സാക്ഷിയായിട്ടില്ല.
 
വികസനമില്ലെന്ന വാദത്തില്‍ പൊതിഞ്ഞ് ബി ജെ പി കേരളത്തിലെ ജനങ്ങള്‍ക്കായി വച്ചുനീട്ടുന്നത് വര്‍ഗീയതയുടെ വിഷമാണ്. നമ്മെ തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാന്‍ രാജ്യത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ നാം കേരളീയര്‍ ഓരോരുത്തരും കരുതിയിരിക്കണം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക