കോന്നി പെണ്‍കുട്ടികളുടെ മരണത്തില്‍ അധോലോക ബന്ധമില്ലെന്ന് ചെന്നിത്തല
ബുധന്‍, 15 ജൂലൈ 2015 (11:58 IST)
കോന്നിയില്‍ നിന്നുള്ള പെൺകുട്ടിള്‍ മരിച്ച സംഭവത്തെ അതീവ ഗൗരവത്തോടെ യാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ മരണത്തിൽ അധോലോക ബന്ധമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
അന്വേഷണം ഊർജിതമായി തുടരുകയാണ്.ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.ലുക്ക് ഔട്ട് നോട്ടീസ് തയാറാക്കിയത് മാതാപിതാക്കളുടെ സമ്മതത്തോടെയാണ്. പൊലീസ് ഇത് സമൂഹമാധ്യമങ്ങളിൽ നൽകിയിട്ടില്ലെന്നും ചെന്നിത്തല സഭയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വിലയിരുത്തല്‍. മരിച്ച രണ്ട് കുട്ടികളുടെയും അബോധാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല.
ആശുപത്രിയിലെത്തിയ അന്വേഷണ സംഘത്തിന് ഡോക്ടര്‍മാര്‍ പരിശോധനാ വിവരങ്ങള്‍ കൈമാറി. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ അവധിയായതിനാല്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭ്യമായിട്ടില്ല. നാളെ ഡോക്ടറില്‍ നിന്നും വിവരമാരായാന്‍ ഒറ്റപ്പാലം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശ്ശൂരില്‍ വീണ്ടുമെത്തും. പെണ്‍കുട്ടികളെ കണ്ടെത്തിയ പൂക്കോട്ടുകുന്നിലും സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.