പരവൂര്‍ ദുരന്തം : വെടിക്കെട്ടില്‍ നിരോധിച്ച രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നെന്ന് വിദഗ്ധര്‍
ചൊവ്വ, 12 ഏപ്രില്‍ 2016 (08:06 IST)
പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തത്തിനിടയാക്കിയ വെടിക്കെട്ടില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നെന്ന് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഇന്ത്യ സുദര്‍ശന്‍ കമാല്‍ വ്യക്തമാക്കി. വിദഗ്ധസംഘത്തിനൊപ്പം അപകടസ്ഥലത്ത് പരിശോധന നടത്താനെത്തിയതായിരുന്നു അദ്ദേഹം.
അപകടത്തിന്റെ സ്വഭാവവും ആഘാതവും വിലയിരുത്തുമ്പോള്‍ അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എക്‌സ്‌പ്ലോസീവ്‌സ് ആക്ടിന്റെ ലംഘനം നടന്നിട്ടുണ്ടെന്നും വ്യക്തമാണ്. ഏതെല്ലാം രാസവസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ. വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാത്രി പത്തിനുശേഷം വെടിക്കെട്ട് നടത്താന്‍ പാടില്ല. വെടിക്കെട്ട് നടത്തുന്ന സ്ഥലവും കാഴ്ചക്കാരുമായി കുറഞ്ഞത് നൂറുമീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണം. ഈ നിബന്ധനകളൊന്നും പരവൂരില്‍ പാലിച്ചിട്ടില്ല. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വസ്തുതകള്‍ വെളിപ്പെടുകയുള്ളൂ. എത്രമാത്രം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു എന്നതിന്റെ വ്യക്തമായ വിവരങ്ങളും ലഭ്യമല്ല.
വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിനും ജില്ലാ മജിസ്‌ട്രേട്ടിനും നല്‍കുമെന്നും സുദര്‍ശന്‍ കമാല്‍ പറഞ്ഞു. ണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് കന്ദസ്വാമി, ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ വേണുഗോപാല്‍, ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് കേരള യാദവ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ എസ് എല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. അപകടസ്ഥലത്തുനിന്ന് ലഭിച്ച വെടിക്കെട്ട് സാമഗ്രികളുടെയും രാസവസ്തുക്കളുടെയും സാമ്പിളുകളും സംഘം ശേഖരിച്ചു.