ആര്‍എസ്പി ലയന സമ്മേളനം നാളെ കൊല്ലത്ത്
ആര്‍എസ്പി ലയന സമ്മേളനം നാളെ കൊല്ലത്ത് നടക്കും. കന്റോണ്‍മെന്റ് മൈതാനത്ത് നടക്കുന്ന ലയനത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ആര്‍എസ്പിയുടെ മുന്‍ മന്ത്രി വിപി രാമകൃഷ്ണപിള്ള പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക.
പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയപ്രമേയം എന്‍കെ പ്രേമചന്ദ്രന് എംപിയും ലയനപ്രമേയം മന്ത്രി ഷിബു ബേബിജോണും അവതരിപ്പിക്കും.
ഒരു ജില്ലയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ട് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ലയനത്തോടെ കൊല്ലത്തെ പ്രബലശക്തിയാകാനുളള പുറപ്പാടിലാണ് ആര്‍എസ്പി.