എസ്എൻഡിപിയെ നിയന്ത്രിക്കാന്‍ ഒരു രാഷ്ട്രീയ പാർട്ടിയും വരേണ്ട: വെള്ളാപ്പള്ളി
ഞായര്‍, 9 ഓഗസ്റ്റ് 2015 (12:39 IST)
അപ്പോൾ കണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരാണ് സിപിഎമ്മെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയെ വിമര്‍ശിക്കാനും നിയന്ത്രിക്കാനും ഒരു രാഷ്ട്രീയ പാർട്ടിയും വരേണ്ട. എസ്എൻഡിപിയെ ചവിട്ടിത്താഴ്ത്തുകയാണ് സിപിഎം. കോൺഗ്രസുകാരും ബിജെപിക്കാരും ഭൂരിപക്ഷമുള്ള എൻഎസ്എസിനെ താലോലിക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് മാത്രമല്ല വർഗീയതയുള്ളത്, സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കായും കര്‍ഷകര്‍ക്കായും സി പി എം എന്താണ് ചെയ്‌തത്. പാരമ്പര്യത്തൊഴിലുകള്‍ ചെയ്യുന്നവര്‍ ഇന്ന് ദുരിതം അനുഭവിക്കുകയാണ്. ഇവര്‍ക്കായി സി പി എം ഒന്നും ചെയ്‌തിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബിജെപി അധ്യക്ഷൻ അമിത് ഷായുമായി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തിയതിനുശേഷം ബിജെപിയുമായി എസ്എൻഡിപി അടുക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ സിപിഎം നടത്തിയിരുന്നു. ഇതിനെതിരെയാണ് എസ്എൻഡിപി വാർഷിക പൊതുയോഗത്തിൽ സിപിഎമ്മിനെ വെള്ളാപ്പള്ളി നടേശൻ കടന്നാക്രമിച്ചത്.
അതേസമയം, എസ്എന്‍ഡിപി- ആര്‍എസ്എസ് ബന്ധത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. എസ്എന്‍ഡിപി - ആര്‍എസ്എസ് ബന്ധം ശാശ്വതമായി നിലനില്‍ക്കില്ല. എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന് അവസരമുണ്ടാക്കിക്കൊടുക്കുകയാണ്. ഈ ബന്ധം ആത്മഹത്യാപരമാണെന്നും കോടിയേരി പറഞ്ഞിരുന്നു.