ബിഡിജെഎസിന്റെ ഗതി മാണിക്കും വരുമോ ?; കോടിയേരിയുടെ നാവ് പൊന്നായാല്‍ കോണ്‍ഗ്രസിന്റെ അന്ത്യം

ചൊവ്വ, 9 ഓഗസ്റ്റ് 2016 (16:50 IST)
യുഡിഎഫ് ബന്ധം ഉപേക്ഷിച്ചെങ്കിലും കേരളാ കോൺഗ്രസിനെ (എം) ഇടതുമുന്നണിയിൽ ഉൾപെടുത്തേണ്ട സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെഎം മാണി യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം നേരത്തെ മുന്നണി വിടേണ്ടതായിരുന്നു. യുഡിഎഫിന്റെ ജീർണതയിൽനിന്നു പുറത്തുവരണമെന്നും കോടിയേരി പറഞ്ഞു.

മാണിയെ ഇപ്പോൾ ഇടതുമുന്നണിയിൽ ഉൾപെടുത്തേണ്ട സാഹചര്യമില്ല. നിയമസഭയിൽ സർക്കാരിനെ മറിച്ചിടാനുള്ള ഭൂരിപക്ഷം കേരളാ കോൺഗ്രസിനില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് പുറത്തുവരും.
മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണത്തിന് എൽഡിഎഫ് തയ്യാറാണ്. മാണി യുഡിഎഫിൽ ആയിരുന്നപ്പോളും സഹകരിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

കേരളാ കോൺഗ്രസ് (എം) എൻഡിഎയ്ക്കൊപ്പം പോയാൽ ബിഡിജെഎസിന്റെ ഗതിവരും. സ്വന്തം ഘടകകക്ഷിയുടെ സ്ഥാനാർത്ഥിയെ തോൽപിക്കാൻ പണവും ആളേയും നിയോഗിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും വാർത്താസമ്മേളനത്തിൽ കോടിയേരി പരിഹസിച്ചു.

വെബ്ദുനിയ വായിക്കുക