കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്ക്‌ നഗരവികസന ത്തെ പ്രതിസന്ധിയിലാക്കുന്നു

ബുധന്‍, 7 മെയ് 2014 (17:34 IST)
കോണ്‍ഗ്രസുകാരായ എംഎല്‍എയും മേയറും ജിസിഡിഎ ചെയര്‍മാനും തമ്മിലുള്ള ഗ്രൂപ്പു വഴക്കും ഈഗോയും എറണാകുളത്തിന്റെ വികസനത്തെ മന്ദഗതിയിലാക്കിയിരിക്കുകയാണെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ പിജെ തോമസ്‌ പ്രസ്താവിച്ചു. പ്രധാന പല വിഷയങ്ങളില്‍നിന്നും തന്നെ മനഃപൂര്‍വം ഒഴിവാക്കുന്നു എന്ന ഡെപ്യൂട്ടി മേയറുടെ പ്രസ്താവനയും ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാരും കോര്‍പ്പറേഷനും ജിസിഡിഎയും തമ്മില്‍ നല്ല ഏകോപനം ഉണ്ടെങ്കില്‍ മാത്രമെ നഗര വികസനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. എന്നാല്‍ മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഗതാഗത കുരുക്ക്‌ ഒഴിവാക്കാന്‍ അനുബന്ധ റോഡുകളുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച സഹായം യഥാസമയം ഉപയോഗപ്പെടുത്താന്‍ മേയര്‍ക്കു കഴിഞ്ഞില്ല. പൊതുവില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളെ മന്ദഗതിയിലാക്കുകയും പിന്നോട്ടടിക്കുകയും ചെയ്യുന്ന സമീപനമാണ്‌ മേയര്‍ സ്വീകരിച്ചു വരുന്നതെന്ന എംഎല്‍എയുടെ ആരോപണം മേയര്‍ ആ സ്ഥാനത്തു തുടരാന്‍ യോഗ്യനല്ല എന്നതിന്റെ സാക്ഷ്യപത്രമാണ്‌.

മെട്രോ റെയില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന ഇ ശ്രീധരന്റെ പ്രസ്താവന ആശങ്കയുണര്‍ത്തുന്നു. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഗവണ്‍മെന്റിനും കെഎംആര്‍എല്‍നും ഒഴിഞ്ഞുമാറാനാവില്ല. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ തമ്മനം-പുല്ലേപ്പടി, സൗത്ത്‌ റെയില്‍വെ സ്റ്റേഷന്‍ റോഡ്‌, കലൂര്‍-പൊറ്റക്കുഴി ഉള്‍പ്പെടെയുള്ള റോഡുകളുടെ വീതി കൂട്ടാനും ഓവര്‍ ബ്രിഡ്ജിന്റേയും ഫ്ലൈ ഓവറുകളുടേയും പണി സമയബന്ധിമായി പൂര്‍ത്തിയാക്കുവാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക