മാണിക്കെതിരെ വീണ്ടും അഴിമതി ആരോപണം: 27.43 കോടി രൂപ വാങ്ങി
ചൊവ്വ, 16 ഡിസംബര്‍ 2014 (14:34 IST)
ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണിക്കെതിരെ വീണ്ടും അഴിമതി ആരോപണം. കെഎം മാണി പലരില്‍ നിന്നായി 27.43 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന് ഇടതുപക്ഷ നേതാവ് ശിവന്‍ കുട്ടി എം എല്‍എയാണ് രേഖാമൂലം നിയമസഭയില്‍ ധനമന്ത്രിക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്.
സ്വർണക്കട ഉമടകളിൽ നിന്നും ബിൽഡേഴ്സിൽ നിന്നും മാണി കൈക്കൂലി വാങ്ങി. ബിൽഡേഴ്സിൽ നിന്ന് അഞ്ചു കോടി രൂപയും ക്വാറി, ക്രഷർ ഉടമകളിൽ നിന്ന് രണ്ടു കോടിയും വാങ്ങി. റവന്യൂ റിക്കവറി നടപടികൾ സ്റ്റേ ചെയ്യാമെന്ന ഉറപ്പിന്മേൽ 6.40 കോടി രൂപയാണ് വാങ്ങിയത്. പെട്രോൾ പന്പുടമകളിൽ നിന്ന് മൂന്ന് ലക്ഷം, മൈദ മാവിന്റെ ഇറക്കുമതി തീരുവ കുറച്ചു കൊടുക്കുന്നതിന് രണ്ടു കോടി രൂപ. ഉത്തരേന്ത്യൻ ലോബിയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും ശിവൻകുട്ടി ആരോപിച്ചു.
ടോം ജോസ് ഐ,എ.എസിനെതിരെയും ആരോപണമുണ്ട്, സംസ്ഥാനത്തിന് അകത്തും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടി. ഇതേക്കുറിച്ച് ചീപ് സെക്രട്ടറിയുടെ രഹസ്യ റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അത് സർക്കാർ പൂഴ്‌ത്തിയെന്നും ശിവൻകുട്ടി ആരോപിച്ചു. ആരോപണങ്ങളെ കുറിച്ച് നിയമസഭാ സമിതി അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.