യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു; നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി തന്നെ ഇരിക്കും; ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ചിട്ടുള്ളവരാണ് കേരള കോണ്‍ഗ്രസ് എന്നും കെ എം മാണി

തിങ്കള്‍, 8 ഓഗസ്റ്റ് 2016 (10:54 IST)
യു ഡി എഫ് വിടാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം)  ചെയര്‍മാന്‍ കെ എം മാണി. മാധ്യമപ്രവര്‍ത്തകരോട് മാണി നിലപാട് വ്യക്തമാക്കിയത്. ഒരു തീരുമാനമെടുത്തു. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
മുസ്ലിം ലീഗ് കേരള കോണ്‍ഗ്രസുമായി വളരെ സ്നേഹത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. ലീഗ് നേതാക്കള്‍ കാണാന്‍ ആഗ്രഹിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അതൊരിക്കലും മധ്യസ്ഥ ചര്‍ച്ചകള്‍ ആകില്ലെന്നും മാണി പറഞ്ഞു. യു ഡി എഫില്‍ ഞങ്ങള്‍ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ പുറത്തേക്ക് പോകുന്നത് തടയാന്‍ ശ്രമിക്കുമെന്നും മാണി പറഞ്ഞു.
 
വീക്ഷണത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ എഴുതിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെന്നും അവര്‍ എഴുതുമെന്നുമായിരുന്നു മാണിയുടെ മറുപടി.
 
അറിഞ്ഞുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ തയ്യാറായാണ് ഞങ്ങള്‍ ഇറങ്ങുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ചിട്ടുള്ളതാണ്. കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ഒറ്റയ്ക്ക് നിന്നിട്ടുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക