സിപിഎമ്മിന് വേണ്ടിയല്ല കേരള പൊലീസ് പ്രവര്‍ത്തിക്കേണ്ടത്: ഖുശ്ബു

ബുധന്‍, 1 മാര്‍ച്ച് 2017 (13:03 IST)
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾക്കെതിരെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നു എന്നതിന്‍റെ സൂചന‍യാണ് നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് ഖുശ്ബു കുറ്റപ്പെടുത്തി.
 
ഈ കേസുമായി സിപിഎമ്മിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ മുഖ്യമന്ത്രിയുടെ ഈ നിലപാടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു. 
 
കേരള പൊലീസ് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണം, അല്ലാതെ സിപിഐഎമ്മിന് വേണ്ടിയാകരുത് അവരുടെ പ്രവര്‍ത്തനമെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഖുശ്ബു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക