കെവിൻ വധം: പ്രതികളെ സഹായിച്ച പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

ചൊവ്വ, 5 ജൂണ്‍ 2018 (10:58 IST)
കെവിൻ വധക്കേസിൽ പ്രതികളെ സഹായിച്ചതിന്റെ പേരിൽ അറസ്‌റ്റിലായ ശേഷം ജാമ്യം ലഭിച്ച ഗാന്ധിനഗര്‍  സ്‌റ്റേഷനിലെ പോലീസുകാരുടെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുന്നു.
 
കെവിന്‍ വധക്കേസില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ ബിജു ഡ്രൈവർ അജയകുമാർ എന്നിവക്കെതിരെയാണ്  കടുത്ത നടപടിക്കു സാധ്യത. ഇവർക്ക് കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
 
പൊലീസുകാർക്ക് ജാമ്യം അനുവദിക്കുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന തരത്തിലുള്ള ആരോപണം ഉയർന്നതിന് പിന്നാലെയാണ് ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കേടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പിരിച്ചുവിടലും തരംതാഴ്ത്തലും അടക്കമുള്ള നടപടികളാകും മുന്ന് പൊലീസുകാര്‍ക്കുമെതിരെ പരിഗണിക്കുന്നത്. പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവും അന്വേഷണ ഉദ്യോഗസ്ഥനായ വിജയ് സാഖറെ റിപ്പോർട്ട് നൽകിയിരുന്നു.
 
കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എസ്ഐ ഷിബു 14 മണിക്കൂര്‍ മറച്ചുവെച്ചുവെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗുരുതരമായ പ്രശ്‌നം കുടുംബപ്രശ്‌നമായി കണ്ട് ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
 
മെയ് 27 ഞായറാഴ്‌ച രാവിലെ ആറിന് വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിർദ്ദേശം അവഗണിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍