കേരളാതീരത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നു 48 മണിക്കൂർ കൂടി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം ഇരുപത്തിയഞ്ചുവരെ കേരളതീരത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകും. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ മൽസ്യത്തൊഴിലാളികളും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്തും മുബൈയ്‌ക്കു പടിഞ്ഞാറും രൂപപ്പെട്ട ന്യൂനമർദ്ദമാണു ശക്‌തമായ കാറ്റിനു കാരണമെന്നു തിരുവനന്തപുരം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.
അതേസമയം, തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കടലാക്രമണം ശക്തമായി തുടരുന്നു. ആലപ്പുഴയില്‍ കടലാക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ കനത്ത മഴക്കൊപ്പം ശക്തമായ കടലാക്രമണം ഉണ്ടായി.