ഷുഹൈബ് വധം; നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

ചൊവ്വ, 27 ഫെബ്രുവരി 2018 (10:10 IST)
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയസഭയിൽ ഇന്നും പ്രതിഷേധം അറിയിച്ചു. സഭയിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളമായിരുന്നു. ചോദ്യോത്തരവേള തുടങ്ങിയുടന്‍ പ്രതിപക്ഷ ബഹളം വെയ്ക്കുകയായിരുന്നു ഇതേ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 
 
സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയിരുന്നു. സ്പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിപക്ഷം പ്ലക്കാർഡുകളുമായി കുത്തിയിരുപ്പ് തുടങ്ങി. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള സമരം ഇനിയും തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. 
 
പ്രതിപക്ഷത്തേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേ‌യും സ്പീക്കർ രൂക്ഷമായി വിമർശിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. വിപി സജീന്ദ്രന്‍ എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു.
 
ഇന്നലെയും സഭ ആരംഭിച്ച് പത്തു മിനിട്ടകം ബഹളം കാരണം നിര്‍ത്തി വെച്ചിരുന്നു. വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഇല്ലെന്നും പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍