മലയാളികള്‍ ആരോഗ്യവാന്മാരല്ലെന്ന് റിപ്പോര്‍ട്ട്

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (12:18 IST)
ആയുര്‍ദൈര്‍ഘ്യം കൂടുതലാണെങ്കിലും കേരളയര്‍ പൊതുവേ ആരോഗ്യമില്ലാത്തവരാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാഴ്‌ചകൊണ്ട് ആയിരത്തിൽ 310 പേർ ഗ്രാമപ്രദേശങ്ങളിലും 306 പേർ നഗരപ്രദേശങ്ങളിലും രോഗികളാകുന്നു എന്നും സംസ്ഥാനത്ത് 60 വയസ്സു കഴിഞ്ഞവരിൽ പത്തിൽ ഏഴു പേരും രോഗബാധിതരാണ്‌ എന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ദേശീയ ശരാശരിയെക്കാൾ 250% അധികം രോഗാതുരത കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമപ്രദേശങ്ങളിൽ ആയിരത്തിൽ 117 പേരെയും നഗരത്തിൽ 99 പേരെയും കേരളത്തില്‍ കഴിഞ്ഞ ഒരുവര്‍ധത്തിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗർലഭ്യം, പോഷകാഹാരക്കുറവ്‌ എന്നിവ കാരണം കേരള ഗ്രാമങ്ങളിലെ ആയിരം കുട്ടികളിൽ 221 പേരും രോഗബാധിതരാകുന്നു എന്നും എടുത്ത് പറയുന്നുണ്ട്.  

കേരളത്തിൽ ആളുകൾ സർക്കാർ ആശുപത്രികളെക്കാൾ അധികം ആശ്രയിക്കുന്നതു സ്വകാര്യ ആശുപത്രികളെയാണ്. ആളുകൾ ഒപി സേവനത്തിനായി 70 ശതമാനവും കിടത്തിച്ചികിൽസയ്ക്കായി 60 ശതമാനവും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് 16% ആളുകൾ മാത്രം. ഒപി സേവനത്തിനും കിടത്തിച്ചികിൽസയ്ക്കും 90 ശതമാനത്തിൽ അധികം ആളുകളും ആധുനിക വൈദ്യശാസ്ത്രത്തെയാണ് ആശ്രയിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക