ബാണാസുരസാഗർ അണക്കെട്ട് തുറന്നു; ജനങ്ങളെ മാറ്റി പാർപ്പിച്ചു - മുന്‍കരുതലുകള്‍ സ്വീകരിച്ച് അധികൃതര്‍
ശനി, 10 ഓഗസ്റ്റ് 2019 (15:48 IST)
വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഒരു ഷട്ടര്‍ തുറന്നത്.
നാലു ഷട്ടറുകളാണ് അണക്കെട്ടിനുള്ളത്. പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറില്‍ നിന്നും സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളം പുറത്തേക്കു പോകും.
എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും നല്‍കിയ ശേഷമാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നത്. ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ ഇവിടെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
ഷട്ടര്‍ തുറക്കുന്ന സമയം ഉള്‍പ്പെടെയുള്ള കാര്യം നേരത്തെ തന്നെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. കര്‍ണാടകയിലെ കബനി അണക്കെട്ടിലേക്കാണ് ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത്.