ഇന്നലെ പനി ബാധിച്ചവരുടെ എണ്ണം ജില്ല തിരിച്ച്; മലപ്പുറത്ത് സ്ഥിതി ഗുരുതരം

വെള്ളി, 23 ജൂണ്‍ 2023 (09:51 IST)
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, മലേറിയ എന്നിവയും പടരുന്നുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ മാത്രം മലപ്പുറം ജില്ലയില്‍ രണ്ടായിരത്തിലേറെ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയെന്നാണ് കണക്കുകള്‍. ഓരോ ജില്ലകളിലേയും ഇന്നലെത്തെ പനി ബാധിതരുടെ എണ്ണം നോക്കാം..
 
തിരുവനന്തപുരം - 1290 
കൊല്ലം - 930 
പത്തനംതിട്ട - 480 
ഇടുക്കി - 409 
കോട്ടയം - 830 
ആലപ്പുഴ - 848 
എറണാകുളം - 1216 
തൃശൂര്‍ - 682 
പാലക്കാട് - 913 
മലപ്പുറം - 2051 
കോഴിക്കോട് - 1542 
വയനാട് - 615 
കണ്ണൂര്‍ - 908 
കാസര്‍ഗോഡ് - 695 
 
പല തരത്തിലുള്ള പനികള്‍ പടരുന്നതിനാല്‍ പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പനിക്ക് സ്വയം ചികിത്സ അരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവ ചികിത്സ വൈകിയാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പനി ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. 
 
അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുകയാണ്. ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി വ്യാപിച്ച സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തും. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍