സ്ഥിതി അതീവ ഗുരുതരം, സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്, 21 മരണം, കോഴിക്കോട് 883 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 5321 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇതിൽ 628 പേരുടെ ഉറവിടം വ്യക്തമല്ല. 21 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് 54989 സാമ്പിളുകൾ പരിശൊധിച്ചു. 3168 പേർ രോഗമുക്തി നേടി.
ഗുരുതരാവസ്ഥയിലേക്ക് നാം നീങ്ങുകയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോഴിക്കോടാണ്. 883 പേർക്കാണ് കോഴിക്കോട് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 820 കേസുകളും സമ്പർക്കം വഴിയാണ്. തിരുവനന്തപുരത്ത് 875 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഉറവിടം അറിയാത്ത നൂറിലേറെ കേസുകളുണ്ട്. ഇന്നലെ 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 60 പേർ പ്രായമായവരും 78 പേർ 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമാണ്. അതേസമയം തിരുവനന്തപുരം തീരപ്രദേശത്തെ കണ്ടെയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.